ബ്രിസ്ബെയ്ൻ: ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചലച്ചിത്രമായ "ഗോസ്റ്റ് പാരഡൈസ്' ഈ മാസം 27 മുതല്‍ ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബ്രിസ്ബെയ്നിലെ മൗണ്ട് ഗ്രവറ്റ് ഇവന്റ് സിനിമാസിന്റെ സ്ക്രീൻ രണ്ടിലാണ് ആദ്യ പ്രദര്‍ശനം നടക്കുന്നത്.
27ന് പ്രാദേശിക സമയം വൈകുന്നേരം ആറിന് നടക്കുന്ന പ്രദര്‍ശന ഉദ്ഘാടനത്തില്‍ കലാ, ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.45ന് ഹാര്‍ബര്‍ ടൗണ്‍ ഗോള്‍ഡ് കോസ്റ്റിലെ റീഡിംഗ് സിനിമാസിലാണ് രണ്ടാമത്തെ പ്രദര്‍ശനം.
തുടര്‍ന്ന് ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും ക്വീന്സ്ലാന്ഡിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നടനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.